February 5, 2012

ധൃതരാഷ്ട്രാലിംഗനത്തിനു കളമൊരുക്കുന്നു? - ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍


ആലിംഗനം സാധാരണരീതിയില്‍ സ്നേഹവും സൗഹൃദവുമെല്ലാം പ്രകടിപ്പിക്കാനാണ്‌. മഹാഭാരതത്തിലെ ധൃതരാഷ്ട്രരുടെ ആലിംഗനം പാടെ വ്യത്യസ്തമായ ലക്ഷ്യത്തോടെയായിരുന്നല്ലോ. അന്ധനായ ധൃതരാഷ്ട്രര്‍ ഭീമനാണെന്നുകരുതി ലോഹനിര്‍മ്മിതമായ ഭീമന്റെ പ്രതിമയെയാണ്‌ കെട്ടിപ്പിടിച്ചത്‌. സ്നേഹത്തിന്റെ വേഷത്തിലുളള ആ ആലിംഗനംകൊണ്ട്‌ ആ പ്രതിമ തകര്‍ന്നുപൊടിയായിത്തീര്‍ന്നു. അത്രയ്ക്കു രൂക്ഷമായിരുന്നു ധൃതരാഷ്ട്രര്‍ക്കു ഭീമനോടുളളശത്രുത. ഇത്തരം സംഭവങ്ങള്‍ ചരിത്രത്തില്‍ അപൂര്‍വ്വമല്ല. യൂദാസ്‌ ക്രിസ്തുവിനെ ചുംബിച്ചതിനെപ്പറ്റി ബൈബിള്‍ വിവരിക്കുന്നുണ്ടല്ലോ. ചുംബനത്തിലും ആലിംഗനത്തിലുമെല്ലാം വലിയ ചതിക്കുഴികളും കാണാമെന്നപാഠമാണ്‌ ഈ സംഭവങ്ങളെല്ലാം നമ്മെ പഠിപ്പിക്കുന്നത്‌.

രാഷ്ട്രീയത്തില്‍ എന്തുമാകാം

രാഷ്ട്രീയത്തില്‍ ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതെയുളളൂ. അ രമേ‍ വമെ‍ ി‍ശില ഹശ്ലെ‍, യൗേ‍ മ ു‍ീ‍ഹശശേരശമി വമെ‍ ല്‍ എന്ന്‌ ചിലര്‍ പറഞ്ഞുവച്ചിട്ടുണ്ടല്ലോ. രാഷ്ട്രീയക്കാരന്റെ ഭാവഭേദങ്ങള്‍ അപ്പാടെയങ്ങ്‌ വിശ്വസിക്കുന്നത്‌ അപകടകരമായിരിക്കുമെന്നതില്‍ സംശയിക്കേണ്ട. തലോടലും കരച്ചിലും സ്തുതിക്കലും നിന്ദിക്കലുമെല്ലാം അവരില്‍ പലര്‍ക്കും ക്ഷിപ്രസാദ്ധ്യമാണ്‌. അവയെല്ലാം മുഖവിലയ്ക്കെടുക്കുന്നവര്‍ അപകടത്തില്‍ ചെന്നു ചാടുകയായിരിക്കും ചെയ്യുന്നത്‌.

പുതിയ സമീപനം?

തെരഞ്ഞടുപ്പുകഴിയുമ്പോള്‍ പാര്‍ട്ടികളെല്ലാം വിലയിരുത്തുനാടകങ്ങള്‍ നടത്താറുണ്ടല്ലോ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍, ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും ക്രൈസ്തവര്‍, ചില പാര്‍ട്ടികളില്‍ നിന്നകന്നുപോയി, അത്‌ മാറ്റിയെടുക്കണമെന്ന്‌ പ്രത്യേകിച്ചു ഒന്നു രണ്ടു പാര്‍ട്ടികളില്‍ വിലയിരുത്തപ്പെട്ടു. അതു നീക്കിയെടുക്കണമെന്ന നിര്‍ദ്ദേശവും ചിലര്‍ നല്‍കുകയുണ്ടായല്ലോ. അതിനുശേഷം എന്തെല്ലാം വാദമുഖങ്ങളാണ്‌ ഉയര്‍ന്നുവന്നത്‌. കമ്യൂണിസം മതവിരുദ്ധമല്ല, മതന്യൂനപക്ഷങ്ങള്‍ക്കുസംരക്ഷണം നല്‍കുന്നത്‌ കമ്യൂണിസ്റ്റുകരാണ്‌, ഒറീസയിലും ഗുജറാത്തിലുംവരെ ക്രൈസ്തവര്‍ക്ക്‌ അഭയം കൊടുത്തതു പാര്‍ട്ടി ഓഫീസുകളിലാണെന്നുവരെ ചിലര്‍ പറഞ്ഞതായി കേട്ടു.

ക്രൈസ്തവ നേതാക്കളെയും സഭാശുശ്രൂഷകരെയുംകണ്ടു കാര്യങ്ങള്‍ വിശദീകരിക്കുമെന്ന്‌ ചിലര്‍ പറഞ്ഞുവച്ചു. പിന്നീട്‌ അതിനെക്കാള്‍ വലിയ അവകാശവാദങ്ങള്‍ ഉയര്‍ന്നു. കമ്യൂണിസം തന്നെയാണ്‌ ക്രിസ്തുമതം എന്നുവരെ പ്രഖ്യാപിക്കാന്‍ ചില നേതാക്കന്മാര്‍ ധൈര്യപ്പെട്ടല്ലോ. അതിനോടുചേര്‍ന്ന്‌ അവരുടെ ജനറല്‍ സെക്രട്ടറി ക്രിസ്തുവാണെന്നു പറഞ്ഞത്‌ ക്രൈസ്തവരെ സ്വാധീനിക്കാനാണെങ്കില്‍ തെറ്റിപ്പോയി. അത്‌ ദൈവനിന്ദമാത്രമാണെന്നു തിരിച്ചറിയാന്‍ കഴിയുന്നവരാണല്ലോ ക്രൈസ്തവര്‍. ഇതിനെല്ലാം അപ്പുറത്തുളള അവഹേളനമാണ്‌ പാര്‍ട്ടി സമ്മേളനത്തില്‍ രക്തരൂഷിതവിപ്ലവത്തിന്റെയും സര്‍വ്വാധിപത്യത്തിന്റെയും തേരാളികളുടെ പടങ്ങളോടൊപ്പം ക്രിസ്തുവിന്റെ ചിത്രം സ്ഥാപിക്കാന്‍ തന്റേടം കാട്ടിയത്‌. ലോകംകണ്ട ഏറ്റംക്രൂരമായ സര്‍വ്വാധിപത്യങ്ങള്‍ക്ക്‌ വഴിതെളിച്ച മാര്‍ക്സിനോടും, രാഷ്ട്രങ്ങളെ മുഴുവന്‍ തടങ്കല്‍ പാളയങ്ങളാക്കിയ സര്‍വ്വാധിപതികളോടും ചേര്‍ന്ന്‌ ക്രിസ്തുവിന്റെ ചിത്രം വച്ചത്‌ ദൈവവിരുദ്ധമായി മാത്രമേ ക്രൈസ്തവര്‍ക്കു കാണാന്‍ കഴിയു. അങ്ങനെചെയ്തവരുടെ ഉളളിലുളള ക്രൈസതവവിരുദ്ധതയാണ്‌ അവിടെ തെളിയുന്നത്‌ എന്നു മനസ്സിലാക്കാനും പ്രയാസമില്ല.

വൈരുദ്ധ്യാത്മക ഭൗതികവാദവും മതവിശ്വാസവും പൊരുത്തപ്പെടുമോ?

പാര്‍ട്ടിയിലേക്ക്‌ ആര്‍ക്കും കടന്നുവരാമെന്നും ക്രൈസ്തവ നാമധാരികള്‍ തങ്ങളുടെ ഇടയില്‍ ഉണെ്ടന്നും ചൂണ്ടിക്കാണിച്ചാണ്‌ പ്രത്യയശാസ്ത്രക്കാര്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ നോക്കുന്നത്‌. ഇവിടെ നിയമസഭയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരോട്‌ പാര്‍ട്ടി എങ്ങനെപ്രതികരിച്ചുവെന്നത്‌ മറക്കാനാവില്ലല്ലോ. ഒരു പാര്‍ട്ടിപ്രവര്‍ത്തകന്‍ രോഗീലേപനം സ്വീകരിച്ചു മരിച്ചുവെന്നുപറഞ്ഞ മെത്രാനെ നികൃഷ്ടജീവി എന്നു വിളിച്ചതു മറക്കാനാവുമോ? പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നന്നായി പഠിച്ചിട്ടുളളവരും മറ്റുളളവരെ പഠിപ്പിക്കാന്‍ പ്രാപ്തിയുളളവരുമായിരിക്കണം എന്നു അടിവരയിട്ടു പാര്‍ട്ടി സെക്രട്ടറി എഴുതിയ കുറിപ്പുകള്‍ പത്രങ്ങളില്‍ വന്നതാണല്ലോ. മത, സമുദായസംഘടനാനേതാക്കളുമായി വേദികള്‍ പങ്കിടുന്നതിനെ നിശിതമായി വിമര്‍ശിച്ചതും മറക്കാനാവില്ല.

ലക്ഷ്യവും മാര്‍ഗവും വികലമാണ്‌

കമ്യൂണിസത്തിന്റെ അടിസഥാനതത്ത്വങ്ങളാണല്ലോ വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗസമരം എന്നിവ. സമത്വസുന്ദരലോകം സ്വപ്നം കാണുന്ന ഇക്കൂട്ടര്‍ മതവിശ്വാസത്തെ എങ്ങനെയാണുകാണുക എന്നതും അത്രഅധികം ചര്‍ച്ചചെയ്യേണ്ട കാര്യമാണെന്നു തോന്നുന്നില്ല. എല്ലാ ഭൗതികവാദത്തിന്റെയും സാരാംശം ദൈവനിഷേധമാണ്‌. മതം മനുഷ്യനെമയക്കി, താത്കാലിക ശ്വാസം നല്‍കി, വര്‍ഗവിപ്ലവത്തിനു തടയിടുകയാണ്‌ എന്നു പ്രഖ്യാപിക്കുന്നവര്‍ക്കെങ്ങനെയാണ്‌ മതവിശ്വാസത്തെ ഉള്‍ക്കൊളളാനാവുക! മതവിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണെന്നുതന്നെയാണ്‌ അവര്‍ സ്റ്റഡിക്ലാസുകളിലൂടെ പഠിപ്പിക്കുന്നത്‌.

ലോകത്തിനു മാര്‍ക്സു മാത്രമേ രക്ഷയുളളുവെന്നു പറയുന്ന(ഒരു പക്ഷേ കേരളത്തിലേ അതു പറയാന്‍ പറ്റൂ) പാര്‍ട്ടിക്കാര്‍ മാര്‍ക്സിസം നടപ്പിലാക്കാന്‍ശ്രമിച്ച രാജ്യങ്ങളില്‍ എന്താണു സംഭവിച്ചതെന്നു പാടെ മറന്നിരിക്കുകയാണ്‌. റഷ്യയിലും ചൈനയിലും ക്യൂബയിലും മതവിശ്വാസത്തെ ഇല്ലായ്മചെയ്യാനായിരുന്നല്ലോ സര്‍വ്വാധിപതികളുടെ തീവ്രശ്രമം. പള്ളികള്‍ പിടിച്ചെടുത്തു തീയറ്ററുകളോ, ഫാക്ടറികളോ ആക്കുകയല്ലായിരുന്നോ? മതവിശ്വാസത്തിന്റെ പേരില്‍ എത്രയോപേരെയാണ്‌ വധിക്കുകയും സൈബീരിയയിലേക്കു നടുകടത്തുകയും മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയരാക്കുകയും ചെയ്തത്‌! ഈയിടെയാണ്‌ റഷ്യയില്‍ പിടിച്ചെടുത്ത പളളികളും പളളിക്കൂടങ്ങളും മറ്റും വിട്ടുകൊടുക്കാന്‍ തുടങ്ങിയത്‌. എന്നാല്‍ ചൈനയില്‍ ഇപ്പോഴും യാഥാര്‍ഥക്രൈസ്തവവിശ്വാസികള്‍ അണ്ടര്‍ഗ്രൗണ്ടില്‍ ആണ്‌. ദൈവത്തെ മാറ്റിനിറുത്തിയുളള സമൂഹസൃഷ്ടി ഒരു വിധത്തിലും സ്വീകാര്യമല്ല, വിജയിക്കുകയുമില്ല.

ലക്ഷ്യം നേടാന്‍ ഏതുമാര്‍ഗവും സ്വീകരിക്കണമെന്നത്‌ ഇവരുടെ സിദ്ധാന്തത്തിന്റെ കാതലായ കാര്യമാണ്‌. അതുകൊണ്ട്‌ ജനങ്ങളെ ഏതുവിധേനയും കബളിപ്പിക്കുന്നത്‌ അവര്‍ക്കു നീതീകരിക്കാം. വര്‍ഗരഹിതസമൂഹസൃഷ്ടിക്ക്‌ ഒരു മാര്‍ഗവും നിഷിദ്ധമല്ല. അതാണ്‌ കമ്യൂണിസ്റ്റുരാജ്യങ്ങളിലെല്ലാം കാണുന്നത്‌. അക്രമം ഒരിക്കലും നിഷിദ്ധമല്ല. തോക്കിന്‍ കുഴലിലൂടെയുളള വിപ്ലവം കേരളത്തില്‍ അത്ര എളുപ്പമല്ലാത്തതുകൊണ്ടു മാത്രമാണ്‌ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ അവര്‍ പ്രവേശിച്ചതെന്ന്‌ നമുക്കറിയാം. എങ്കില്‍പ്പോലും പാര്‍ലമെന്റിലൂടെ കാര്യം നേടാമെന്നു കരുതുന്നവരെ പാര്‍ലമെന്റുവ്യാമോഹികളായിട്ടാണ്‌ പല സിദ്ധാന്തവാദികളും മുദ്രകുത്തുന്നത്‌. ജനാധിപത്യ വ്യവസ്ഥിതിയില്‍ കഴിയുന്നത്ര അക്രമം ചെയ്യുന്നതിന്‌ സിദ്ധാന്തക്കാര്‍ക്ക്‌ ഒരിക്കലും തടസമില്ല. അതുകൊണ്ടാണല്ലോ നിയമലംഘനങ്ങളും കയ്യേറ്റങ്ങളും കേരളത്തില്‍ സാധാരണമായത്‌.

ഇത്തരം തന്ത്രങ്ങള്‍ വിലപ്പോകില്ല

ദൈവത്തെ നിഷേധിക്കുമ്പോള്‍ ഏതുമാര്‍ഗവും നീതീകരിക്കാനാവും എന്നതാണു വസ്തുത. അങ്ങനെയുളളവര്‍ ഏതുവേഷം കെട്ടിയാലും അതില്‍ മയങ്ങിപ്പോകാതിരിക്കാനാണ്‌ മറ്റുളളവര്‍ ശ്രമിക്കേണ്ടത്‌. കേരളത്തില്‍ അരങ്ങേറുന്ന വേഷങ്ങള്‍ അത്ര പുതുമയുളളതല്ല. പല രാജ്യങ്ങളിലും സ്വീകരിച്ചിട്ടുളള അടവുകളാണ്‌ ഇവിടെയും സ്വീകരിക്കുന്നത്‌. വിപ്ലവം സാധിക്കാത്തിടത്ത്‌ എങ്ങനെയും അസംതൃപ്തിയുണ്ടാക്കിയും ചങ്ങാത്തംപിടിച്ചും വോട്ടുകള്‍ തേടി അധികാരത്തില്‍വരുക, പിന്നെ ധാര്‍ഷ്ട്യത്തോടെ സവ്വാധിപത്യം നടപ്പിലാക്കുക ഇതെല്ലാം പരിചിതമായ മാര്‍ഗങ്ങളാണല്ലോ.

നമ്പൂതിരിപ്പാടിന്റെ സര്‍ക്കാരും അതിന്റെ തുടര്‍ച്ചയായ സര്‍ക്കാരും ഇവിടത്തെ ക്രൈസ്തവരുടെ മൗലികാവകാശങ്ങള്‍ എടുത്തുകളഞ്ഞു പീഡിപ്പിക്കാന്‍ ശ്രമിച്ച ചരിത്രം മറക്കാറായിട്ടില്ല. ഭരണത്തിലിരിക്കുമ്പോള്‍ പാര്‍ട്ടിക്കാരെയും സഹയാത്രികരെയുംകൊണ്ടു ഭരണമണ്ഡലം മുഴുവന്‍നിറച്ചു സര്‍വ്വാധിപത്യത്തിനു കളമൊരുക്കുന്നതും കേരളം കണ്ടതാണ്‌. ചൈനയില്‍ മുതലാളിത്തത്തിനു സ്ഥാനം കിട്ടിയെങ്കിലും മതവിരുദ്ധതയ്ക്കും സര്‍വ്വാധിപത്യ മനോഭാവത്തിനും മാറ്റം വന്നിട്ടില്ല എന്നതും ഏവര്‍ക്കും അറിയാവുന്നതാണ്‌. ഇതെല്ലാം അറിയാവുന്ന ഇവിടത്തെ ക്രൈസ്തവര്‍ ഒരു ധൃതരാഷ്ട്രാലിംഗനത്തിനു നിന്നുകൊടുക്കുമെന്നു കരുതുന്നതു വിഡ്ഢിത്തമായിരിക്കും. അവര്‍ പ്രതിമകളലല്ലോ.